എനിക്ക് മരണമില്ല - വയലാർ രാമവർമ്മ
ആലാപനം : പ്രണവ പ്രകാശ് ജെ
lyrics:
കുതിരപ്പുറത്തു ഞാന്‍ പാഞ്ഞുപോകുമ്പോള്‍, കൈയില്‍
കുതറിത്തുള്ളിക്കൊണ്ടെന്‍ ചാട്ടവാറിളകുമ്പോള്‍,
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍, കുള-
മ്പടികള്‍ പതിയുമ്പോളീയണ്ഡകടാഹങ്ങള്‍?
നീരവനീലാകാശമണ്ഡലത്തിലെ, ശുഷ്ക:
താരകേ, വിളറിയ നിന്മുഖം കാണട്ടേ ഞാന്‍!
ഞാനെത്താതിരിക്കില്ല നിന്നടുത്തൊരിക്കലു;-
മാ നല്ലനാളിന്നായിക്കാത്തുനിന്നോളൂ ദൂരെ!
കാലമാ,ണവിശ്രമം പായുമെന്നശ്വം, സ്നേഹ-
ജ്ജ്വാലയാണെന്നില് കാണും ചൈതന്യം, സനാതനം.
പ്രപഞ്ചം മുഴുവനും പണ്ടുപണ്ടൊരുകാലം
പ്രളയാബ്ധിയില്‍ മുങ്ങിത്താണടിഞ്ഞിരുന്നപ്പോള്‍,
വന്നു ഞാനമീബയായ്, ജീവൻറെയൊന്നാമത്തെ
സ്പന്ദനം വിളംബരം, ചെയ്തിതെൻ ചലനങ്ങള്‍!
അന്നന്തരീക്ഷത്തിൻറെയാത്മാവില് നിന്നും പ്രാണ-
സ്പന്ദങ്ങള്‍ക്കുയിരാർജ്ജിച്ചങ്ങനെ വളര്‍ന്നു ഞാന്‍.
ജീവൻറെ പരിണാമപരിവര്ത്തനരൂപ-
ഭാവഭേദങ്ങള്ക്കുള്ളില് വളര്‍ന്ന യുഗങ്ങളില്‍,
ഇപ്രപഞ്ചത്തെ,ക്കൈയിലമ്മാനമാടിക്കൊണ്ടൊ-
രത്ഭുതസര്ഗ്ഗാത്മകശക്തിയെക്കണ്ടിട്ടില്ലേ?
ഞാനാണ,തജയ്യനാം 'മനുഷ്യന്' - ചലിക്കുന്നൂ
ഞാനഹര്‍ന്നിശ,മെന്റെ സന്ദേശം ജയിക്കുന്നു!
മാനവപ്രയത്നത്തിന്ചുണ്ടുക,ളെന്നാഹ്ലാദ-
ഗാനവീചികള്‍ നെയ്വതവിടെപ്പാടുന്നു ഞാൻ;
ഏഷ്യയിലാഫ്രിക്കയില്‍ യൂറോപ്പി, ലദ്ധ്വാനത്തിന്
ശാശ്വതവസന്തങ്ങളെങ്ങെങ്ങു വിടര്‍ന്നാലും,
എന്റെ ചേതനയിലെ രക്തനാഡികള്ക്കുള്ളില്
ചെണ്ടുകള്‍, വാടാമല്ലിച്ചെണ്ടുകള്, വിരിഞ്ഞാടും!
ഇല്ലെനിക്കൊരിക്കലും മരണം, തുറുങ്കുകള്‍-
ക്കുള്ളിലിട്ടൊരുനാളുമടയ്ക്കാനാവില്ലെന്നെ!
കൊടിയില്‍ പ്രയത്നത്തിൻ മുദ്രയും, കണ്ണില്‍ പൂത്തു-
വിടരും സ്വപ്നങ്ങളും, കരളില്‍ സംഗീതവും,
സഞ്ചരിക്കുകയാണു ഞാനേവം, സയന്‍സിന്റെ
കഞ്ചുകമണിഞ്ഞുകൊണ്ടീ യുഗങ്ങളിലൂടെ!
മനുഷ്യന്, സൌന്ദര്യത്തെ, സത്യത്തെ, സംസ്കാരത്തെ-
യുണര്‍ത്തിജ്ജീവിപ്പിക്കും സാമൂഹ്യമനുഷ്യന്‍, ഞാന്‍,
ഞാന്‍ മിഴിയടയ്ക്കുമ്പോള്‍ രാവുകള്‍, പകലുകള്‍
ഞാന്‍ മിഴി തുറക്കുമ്പോളന്വഹം വന്നെത്തുന്നു.
ചക്രവാളത്തിന്മതില്ക്കെട്ടിന്മേല് കൈയുംകുത്തി
നില്ക്കും ഞാന്‍, പ്രപഞ്ചത്തിന് ഭ്രമണം നിയന്ത്രിക്കാന്‍!
ഗോളങ്ങളെടുത്തു ഞാന്‍ പന്തടിക്കുമ്പോള്‍, വിദ്യു-
ന്നാളങ്ങള്‍ കെടുത്തിയും കത്തിച്ചും രസിക്കുമ്പോള്‍,
നീരവനീലാകാശ മേഖലകളില്‍, നാളെ
താരകേ, നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍!
കുതിരപ്പുറത്തു ഞാന്‍ പാഞ്ഞുപോകുമ്പോള്‍, കൈയില്‍
കുതറിത്തുള്ളിക്കൊണ്ടെന്‍ ചാട്ടവാറിളകുമ്പോള്‍,
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍ കുള.
മ്പടികള്‍ പതിയുമ്പോളീയണ്ഡകടാഹങ്ങള്‍?
കാലമാണവിശ്രമം പായുമെന്നശ്വം, സ്നേഹ-
ജ്ജ്വാലയാണെന്നില് കാണും ചൈതന്യം, സനാതനം.
follow this person in Instagram : [ Ссылка ]
Video Editing by : Pranava Prakash J (7289900349)
#vayalar #malayalam #kavitha #kavita #kerala #malayalamquotes #malayalam #malayali #malayalamtypography #love #typography #malayalamstatus #mallu #malayalamkavitha #madhavikutty #malayalampoem #mallugram #ezhuthu #kavithakal #thoolika #malayalamwriter #ezhuthukal #malayalamlovequotes #keralagram #entekeralam #malayalamkavithakal #malayalamquote #lovemalayalam #godsowncountry #lovequotes #verukal #varikal
Ещё видео!