കർത്താവിനെ നാം നമ്മുടെ നേത്രങ്ങളാൽ കാണുന്നില്ലായെങ്കിലും
വിശ്വാസ കണ്ണുകളാൽ നമ്മുടെ നാഥനെ ഹൃദയത്തിൽ കാണുവാൻ കഴിയും . ക്രൂശുമരണം ഹൃദയത്തിൽ ദർശിച്ചാൽ ആരും അവനവന്റെ പാപത്തെ ഓർത്ത് കരഞ്ഞു പോകും . കർത്താവിനെ വീണു വണങ്ങി നമസ്ക്കരിച്ചു പോകും .
കണ്ണുകൊണ്ടു ഞാൻ കാണാതെ പോകിലും
കാണുന്നല്ലോ നാഥനെ എൻ മാനസം
കാതുകൊണ്ടു ഞാൻ കേൾക്കാതെ പോകിലും
കേൾക്കുന്നല്ലോ നിന്മൊഴികൾ എൻ മാനസം
1 . മാനവപാപം പോക്കീടുവാനായ്
മുൾമുടിയേന്തി നീ ക്രൂശു ചുമന്നതും
മുഖമാകെ രക്തം വാർന്നു കരഞ്ഞതും
മനതാരിൽ കാൺകെയെൻ മിഴികൾ നിറയുന്നേ
മനമാകും ആലയം സ്തുതികളാൽ നിറയുന്നേ
2. ചന്തമിയന്നിടും നിൻ കാൽക്കരങ്ങളെ
ചിന്തയന്യേ ലോകം ക്രൂശിൽ തറച്ചതും
ചെന്നിണം ചിന്തി നിൻ ചേതനയറ്റതും
ചിന്തയിൽ കാൺകെയെൻ നെഞ്ചകം വിങ്ങുന്നേ
ചിന്മയാ നിന്നെ ഞാൻ വീണു വണങ്ങുന്നേ
3. മൃത്യുവെ വെന്നു നീ മുക്തിയെ തന്നതും
മിത്ഥ്യയെ വെന്നു വിൺ പൂകുന്ന കാഴ്ച്ചയും
വീണ്ടും വന്നിടുമെന്നുളള പ്രത്യാശയും
വീണ്ടും ജനിച്ചയെന് ജീവനിൽ നിറയുന്നേ
വല്ലഭാ നിന്നെ ഞാൻ ആരാധിച്ചീടുന്നേ
മുരളീധരൻ ഇ.കെ
. 01/08/2013
Ещё видео!