മണ്ണിലും മനസ്സിലും ജീവ വായുവിൽ പോലും ഫുട്ബോൾ നിറഞ്ഞ മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമം ESPN സ്പോർട്സിൽ വൈറൽ ആകുന്നു. ഒരു പകൽ കിനാവ് പോലെ നേരം ഇരുട്ടി വെളുത്തപ്പോൾ തന്റെ വീഡിയോ വൈറലായ സന്തോഷത്തിലാണ് തിരൂർക്കാട് നസ്റ കോളേജ് ഫുട്ബോൾ ടീം അംഗവും മലപ്പുറം കിഴക്കേതല സ്വദേശിയുമായ ജമാൽ.
ഇനി കഥയിലേക്ക്,
വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2017 ഓഗസ്റ്റ്മാസത്തിലെ ഇടവപ്പാതിക്കാലം... തിരൂർക്കാട് ഇലാഹിയ-നസ്റ കോളേജുകളിലെ PIC വിദ്യാർത്ഥികൾ മഴ പെയ്തു ചളി നിറഞ്ഞ തിരൂർക്കാട് തഹ്ഫീള് മൈതാനത്തു ഫുട്ബോൾ കളിക്കുന്നത് മഴയത്തിറങ്ങാൻ മടിച്ചു നിന്ന സാനിഖും റിഷാദും കമന്ററിയുടെ അകമ്പടിയോടെ മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുന്നു. വഴുതി വീഴുന്ന മൈതാനത്തു പെരുമഴയത്ത് നഗ്നപാദരായി കളിക്കുന്നതിനിടെ ജമാൽ മനോഹരമായൊരു ഇന്റർ സെപ്ഷനിലൂടെ റാഞ്ചിയെടുത്ത പന്തുമായി എതിർ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി കുതിക്കുന്നു... ഇടയ്ക്കിടെ വീഴുന്നുണ്ടെങ്കിലും മുന്നേറ്റത്തിനൊടുവിൽ സുന്ദരമായി ഗോൾ നേടുന്നതുമാണ് ഈ 12 സെക്കന്റ് മാത്രം ദൈർഘ്യമുള്ള കുഞ്ഞൻ വീഡിയോയിൽ ഉള്ളത്. 2017 ഓഗസ്റ്റ് 20 ന് ജമാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് ആകെ 322 ലൈക്കാണ് ലഭിച്ചത്. എന്നാൽ 2020 മെയ് 11 ന് തന്റെ ഇൻസ്റ്റാഗ്രാം നോട്ടിഫിക്കേഷൻ കണ്ട് ജമാൽ തന്നെ ഞെട്ടി. ആഗോള സ്പോർട്സ് ഭീമൻമാരായ ESPN സ്പോർട്സ് സെന്റർ അവരുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ഫ്രഞ്ച് ഭാഷയിലുള്ള അടിക്കുറിപ്പും നൽകി തന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നു. ഫ്രഞ്ച് ദേശീയ താരങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. വെറും 4 ദിവസം കൊണ്ട് ഒന്നര ലക്ഷത്തോളം ആളുകൾ കണ്ട വീഡിയോ ലൈക്കുകളും കമന്റ്കളും വാരികൂട്ടി മുന്നേറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് മലബാറിന്റെ ഫുട്ബോൾ പ്രേമം വരച്ചു കാട്ടുന്ന ഈ കുഞ്ഞു വീഡിയോ ഫുട്ബോൾ ലോകത്ത് വൈറലായത്. മുൻപും മലബാറിലെ കാൽപന്ത് പ്രേമം അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് :റഷീദലി തോണിക്കര
----------------------------------------------------
ഇൻസ്റ്റാഗ്രാം വീഡിയോ കാണാൻ ലിങ്ക് അമർത്തുക👇
[ Ссылка ]
#MalappuramSoccer
#RainFootball
#ESPNviralVideo
![](https://i.ytimg.com/vi/mFm6Xgl5Mws/maxresdefault.jpg)